ന്യൂഡല്‍ഹി: രാജ്യത്തെ മെട്രോപൊളിറ്റന്‍ നഗരങ്ങളിലെ ഭൂമി താഴ്ന്നുപോകല്‍ പ്രശ്നം പഠിക്കാനും പരിഹാരനടപടികള്‍ നിര്‍ദേശിക്കാനുമായി സംയുക്ത സമിതി രൂപീകരിച്ചു. ഡല്‍ഹി, കോല്‍ക്കത്ത, മുംബൈ, ചെന്നൈ തുടങ്ങിയ നഗരങ്ങളിലെ ഭൂമി താഴുന്നതുമായി ബന്ധപ്പെട്ട വിഷയം പരിശോധിച്ച ദേശീയ ഹരിത ട്രൈബ്യൂണലാണ് (എന്‍ജിടി) സമിതി രൂപീകരിക്കാന്‍ നിര്‍ദേശം നല്‍കിയത്.
ഡല്‍ഹി, കോല്‍ക്കത്ത, മുംബൈ, ചെന്നൈ നഗരങ്ങളിലെ ഭൂമിയുടെ ഉപരിതലത്തില്‍നിന്നു മണ്ണ് താഴ്ന്നതായി 2015 മുതല്‍ 2023 വരെയുള്ള ഉപഗ്രഹനിരീക്ഷണങ്ങള് തെളിയിച്ചതായി അന്താരാഷ്ട്ര പഠന റിപ്പോര്‍ട്ട് വന്നിരുന്നു. ഈ നഗരങ്ങളില്‍ ഏകദേശം 878 ചതുരശ്ര കിലോമീറ്റര്‍ ഭൂമിയിലെ മണ്ണ് താഴ്ച പ്രതിഭാസം സംഭവിച്ചുവെന്നാണ് പഠനത്തില്‍ പറയുന്നത്. ഭൂമി താഴ്ന്നുപോകുന്നതിന്റെ ഒരു പ്രധാന കാരണം ഭൂഗര്‍ഭജലത്തിന്റെ കുറവാണെന്നാണ് റിപ്പോര്‍ട്ട് പറയുന്നത്.
അന്താരാഷ്ട്ര പഠന റിപ്പോര്‍ട്ട് 2025 നവംബറില്‍ ശ്രദ്ധയില്‍പ്പെട്ടതോടെ ട്രൈബ്യൂണല്‍ സ്വമേധയാ നോട്ടീസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു. സിജിഡബ്ല്യുഎ ഉള്‍പ്പടെ ബന്ധപ്പെട്ടവരില്‍നിന്നും പ്രതികരണം തേടുകയും ചെയ്തു. മേയ് 29ന്, എന്‍ജിടി ചെയര്‍പേഴ്സണ്‍ ജസ്റ്റീസ് പ്രകാശ് ശ്രീവാസ്തവയുടെ നേതൃത്വത്തിലുള്ള പ്രിന്‍സിപ്പല്‍ ബെഞ്ചിന്റെ വാദം കേള്‍ക്കുന്നതിടെയാണ് സമിതി രൂപീകരണ നിര്‍ദേശം ട്രൈബ്യൂണല്‍ പുറപ്പെടുവിച്ചത്. കേന്ദ്ര ജലശക്തി മന്ത്രാലയത്തിന്റെ കീഴിലുള്ള കേന്ദ്ര ഭൂഗര്‍ഭജല അഥോറിറ്റി (സിജിഡബ്ല്യുഎ) വിദഗ്ധരുടെ നാലംഗസമിതിയാണ് രൂപീകരിച്ചത്.